കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാര്‍ഥിയുടെ പത്രിക കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. പ്രദേശത്തെ മുതിര്‍ന്ന നേതാവും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ കൈതമന ജോസാണ് 13-ാം വാര്‍ഡില്‍ വിമതനായി മത്സരത്തിനിറങ്ങിയത്.
പാര്‍ട്ടി പ്രവര്ത്തകന് പോലുമല്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കുന്നുവെന്നായിരുന്നു ജോസിന്റെ ആരോപണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഇന്ന് പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
ടോക്കണ്‍ വാങ്ങി നിൽക്കുമ്പോഴാണ് ജോസിന്റെ കൈയിൽ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഓടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.